കൊച്ചി: കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് സി.പി.ഐ പിറവം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.സി തങ്കച്ചനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും മണ്ഡലം കമ്മിറ്റി അംഗത്വത്തില്‍നിന്നും പുറത്താക്കി.
ശനിയാഴ്ച ചേര്‍ന്ന മണ്ഡലം കമ്മിറ്റിയുടേതാണ് നടപടി. തനിക്ക് തെറ്റുപറ്റിയെന്ന് തങ്കച്ചന് പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലാത്ത പശ്ചാത്തലത്തിലാണ് തങ്കച്ചന് എതിരേ നടപടി സ്വീകരിച്ചത്.
പകരം മറ്റൊരാളെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗമായി തങ്കച്ചന് തുടരാം.
കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സരമരംഗത്ത് താന്‍ എത്തിയത് തെറ്റായിരുന്നെന്ന് തങ്കച്ചന് പാര്‍ട്ടിയില്‍ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പിറവം മേഖലയിലെ മുതിര്‍ന്ന നേതാവാണ് തങ്കച്ചന്. അതിനാലാണ് പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകാത്തത്.