കൊച്ചി: ചേരാനല്ലൂർ പാർത്ഥസാരഥി ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. എഴുന്നള്ളത്തിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് വെള്ളം കുടിക്കാനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മാറാടി അയ്യപ്പൻ എന്ന് പേരുള്ള ആനയാണ് ഇടഞ്ഞത്. അകത്തെ പന്തൽ ആന തകർത്തു. ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്ക് ആന വിരണ്ടോടാതിരുന്നത് വൻ അപകടം ഒഴിവാക്കി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അൽപനേരത്തെ പരിഭ്രാന്തിക്കൊടുവിൽ ആനയെ മയക്കുവെടിവച്ച് തളച്ചു.
ആനയെ പാപ്പാനും ഉടമയും ശാന്തനാക്കാൻ ശ്രമിച്ചിട്ടും ആന വഴങ്ങിയില്ല. തുടർന്ന് വെറ്റിനറി ഡോക്ടറെത്തി ആനയെ മയക്കു വെടി വച്ച ശേഷം തളയ്ക്കുകയായിരുന്നു.