കണ്ണൂര്‍: സിൽവർ ലൈൻ സർവെയുടെ കല്ലിടുന്നത് കെ- റെയിൽ കോർപറേഷനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിന്നീടാണ് റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്ത് നൽകുക. കെ- റെയിലിന് കേന്ദ്രം അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാനം മറ്റ് വഴി നോക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഡിപിആറിന് അന്തിമ രൂപം ആയിട്ടില്ല. സിൽവർ ലൈനിൽ സി പി ഐക്ക് എതിർപ്പുണ്ടെങ്കിൽ പറയേണ്ടത് സിപിഐ സെക്രട്ടറി ആണ്. മറ്റാരെങ്കിലും പറയുന്നത് തങ്ങൾ കാര്യമാക്കുന്നില്ല. സിപിഐക്ക് എതിർപ്പുണ്ടങ്കിൽ അത് സിപിഎമ്മിൽ അറിയിക്കാനുള്ള അവകാശം ഇപ്പോൾ ഉണ്ട്.
കെ റെയിലിൽ പ്രതിസന്ധി ഉണ്ടാക്കാൻ യുഡിഎഫും ബിജെപിയും മുസ്ലിം ലീഗും ചേർന്ന് ശ്രമിക്കുകയാണ്. ബി ജെ പി ജാഥയെ സ്വീകരിക്കാൻ ലീഗ് നേതാവ് പോകുന്നു. കോലീബി സഖ്യം ഇതിൽ നിന്ന് വ്യക്തമാണ്. സിൽവർ ലൈൻ പ്രതിഷേധവും ഇതിന്റെ ഭാഗമാണ്. 91ൽ വടകരയിലാണ് കോലീബി സഖ്യം ആദ്യം ഉണ്ടായത്. പഴയ സഖ്യത്തിന്റെ ഓർമ നടക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി സർക്കാർ ഏറ്റെടുക്കൂ. സിൽവർ ലൈനിന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വേറെ വഴി നോക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സാമൂഹ്യാഘാത പഠനത്തിന് ശേഷമാകും ഏതൊക്കെ സ്ഥലങ്ങള്‍ നഷ്ടപ്പെടുമെന്നതില്‍ അന്തിമരൂപമുണ്ടാവുക. തുടര്‍ന്ന് വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ പബ്ലിക് ഹിയറിംഗ് നടത്തും. ഇതില്‍ സമരക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല, യഥാര്‍ത്ഥ ഇരകള്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. മുഴുവന്‍ തുകയും നല്‍കിയതിനു ശേഷം മാത്രമേ സ്ഥലം ഏറ്റെടുക്കുന്ന നടപടിയിലേക്ക് നീങ്ങുകയുള്ളൂ. ആരുടെയും സ്ഥലം ബലം പ്രയോഗിച്ച് ഏറ്റെടുക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.
പദ്ധതി സി.പി.ഐയും കൂടി അംഗീകരിച്ചതാണ്. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ് പറയേണ്ടത്. അദ്ദേഹം അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. സമരത്തില്‍ പങ്കെടുത്ത പ്രാദേശിക നേതാവിനെതിരെ സി.പി.ഐ നടപടിയെടുത്തത് അത്തരം ഇടപെടലുകളെ സി.പി.ഐ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു.