മുംബൈ: ഐപിഎല്‍ 15-ാം പതിപ്പിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിന് അയച്ചു. മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ തന്നെ ഇത്തവണ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയുമുണ്ട്.
പുതിയ ക്യാപ്റ്റന്മാര്ക്കു കീഴിലാണ് ഇരു ടീമും ഇത്തവണ കളത്തിലിറങ്ങുന്നത്. കൊല്‍ക്കത്തയെ ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യരാണ് നയിക്കുന്നത്. ശ്രേയസ് നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചിരുന്നു.
എം.എസ് ധോനിയില്‍ നിന്ന് ഇത്തവണ ചെന്നൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തിരിക്കുന്നത് രവീന്ദ്ര ജഡേജയാണ്. ക്യാപ്റ്റന്‍ സ്ഥാനം തനിക്ക് ആശങ്കയുണ്ടാക്കുന്നതല്ലെന്ന് ജഡേജ പറഞ്ഞു. നായകനെന്ന നിലയില്‍ ധോനി ടീമില്‍ ഉണ്ടാക്കിയ മഹത്തായ പൈതൃകം മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് തനിക്ക് മുന്നിലുള്ള ലക്ഷ്യമെന്നും ജഡേജ പറഞ്ഞു.
“നായക സ്ഥാനത്തെക്കുറിച്ച് എനിക്ക് ആശങ്കയില്ല. കാരണം മഹി ഭായ് ഇപ്പോഴും ടീമിലുണ്ട്. എനിക്ക് എന്ത് സംശയം വന്നാലും അദ്ദേഹത്തോടു ചോദിക്കാം. സംശയങ്ങള്‍ തീര്‍ക്കാന്‍ അദ്ദേഹത്തിന് സമീപത്തേക്ക് തന്നെ ചെല്ലും. അതുകൊണ്ടു തന്നെ പുതിയ സ്ഥാനം ഒട്ടും ആശങ്കയുണ്ടാക്കുന്നില്ല”- ജഡേജ കൂട്ടിച്ചേര്‍ത്തു.
ഐ.പിഎല്‍ തുടങ്ങാനിരിക്കെയാണ് ഏവരെയും ഞെട്ടിച്ച് ധോണി, നാകസ്ഥാനം ജഡേജക്ക് കൈമാറിയത്. ചെന്നൈയുടെ മൂന്നാമത്തെ നായകനാണ് 2012- മുതല്‍ ചെന്നൈ ടീമിലെ അവിഭാജ്യ ഘടകമായ ജഡേജ.
കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎൽ ചരിത്രത്തിലെ നാലാം കിരീടം സമ്മാനിച്ചതിനു പിന്നാലെയാണ് ധോണി നായകസ്ഥാനം വിടുന്നത്. ധോണിക്കു കീഴിൽ 2010, 2011, 2018 സീസണുകളിലും ചെന്നൈ ഐപിഎൽ കിരീടം ചൂടി. ഇതിനു പുറമെ 2008, 2012, 2013, 2015, 2019 സീസണുകളിൽ ചെന്നൈ റണ്ണേഴ്സ് അപ്പുമായി.