തിരുവനന്തപുരം: സർവീസ് തുടങ്ങുന്നതിന് മുൻപ് തന്നെ സർക്കാരിന് പുതിയ തലവേദനയായി കെ എസ് ആർ ടി സി വാങ്ങിയ വോൾവോ സ്ലീപ്പർ ബസുകൾ. കെ എസ് ആർ ടി സി യ്ക്ക് കൈമാറാനായി ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ബസ് മറ്റ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചുവെന്നാണ് ഉയരുന്ന പരാതി.
ബസിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഒന്നിലധികം വാഹനങ്ങളെ ബസ് ഇടിച്ചുവെന്നും നിർത്താതെ പോയെന്നും ആരോപണമുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്നും ഒട്ടും ശ്രദ്ധയില്ലാതെയാണ് ബസുകൾ തലസ്ഥാനത്തേയ്ക്ക് എത്തുന്നത്. വാഹനമിടിച്ച അമരവിളയ്ക്ക് സമീപത്തായി സംഘർഷാവസ്ഥയുണ്ടായി. വണ്ടിയിടിച്ച് നിർത്താതെ പോയ ബസിനെ അമരവിള പൊലീസ് എത്തിയാണ് ഒടുവിൽ പിടികൂടിയത്.
നേരത്തെ വോൾവോ സ്ലീപ്പർ ബസുകളുടെ ആദ്യ ബാച്ച് തിരുവനന്തപുരത്ത് എത്തിയിരുന്നു. ദീർഘദൂര സർവീസുകൾക്കായി കെ എസ് ആർ ടി സി രൂപീകരിച്ച കമ്പനിയായ സ്വിഫ്റ്റിനുവേണ്ടിയാണ് ലക്ഷ്വറി വോൾവോ ബസുകൾ വാങ്ങിയത്.
തിരുവനന്തപുരം ആനയറയിലുള്ള സിഫ്റ്റിന്റെ ആസ്ഥാനത്താണ് ആദ്യ ബാച്ച് ബസുകൾ എത്തിയത്. പുതുതായി എത്തുന്ന ബസുകൾ അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവറുടെ പണിപോകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.