സൗദി നഗരമായ ജിദ്ദയിലെ അരാംകോയുടെ എണ്ണ സംഭരണ ശാലക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിന് ജിദ്ദ ആതിഥേയത്വം വഹിക്കാനിരിക്കെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായിരിക്കുന്നത്. ഡ്രോണുകളും ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വിമതര്‍ അവകാശപ്പെടുകയും ചെയ്തു.
ആക്രമണത്തെ തുടര്‍ന്ന് എണ്ണ സംഭരണ ശാലയില്‍ വന്‍ തീപ്പിടിത്തമുണ്ടായി. അതേസമയം മുന്‍നിശ്ചയിച്ച പോലെ ഞായറാഴ്ച ഫോര്‍മുല വണ്‍ മത്സരം നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അരാംകോയിലെ രണ്ട് ടാങ്കുകളിലാണ് തീപ്പിടിത്തമുണ്ടായതെന്നും ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിൽ ആളപായമില്ലെന്നും അവര്‍ പറയുന്നു.
അതേസമയം, എണ്ണ സംഭരണ ശാലക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി അറേബ്യ തിരിച്ചടിക്കുകയും ചെയ്തു. യമന്‍ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലുമാണ് സൗദിയിൽ വ്യോമാക്രമണം നടത്തിയത്. തുറമുഖ നഗരമായ ഹുദെയ്ദാ ഇന്ധന വിതരണ കേന്ദ്രമാണ്.