കൊച്ചി: സഹകരണ ബാങ്കുകൾക്ക് ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം. സഹകരണ രജിസ്ട്രാറാണ് പ്രവർത്തന ഉത്തരവിറക്കിയത്. ഇന്ന് ശനിയാഴ്ച്ച പൂർണമായും നാളെ ഞായറാഴ്ച്ച അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ ബാങ്കുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ് ഉത്തരവ്. തിങ്കൾ, ചൊവ്വ ദേശീയ പണിമുടക്കിനെ തുടർന്നാണ് ശനി, ഞായർ ദിവസങ്ങളിലെ അവധി റദ്ദാക്കി ഉത്തരവിറക്കിയത്.
ഇന്നു മുതൽ നാല് ദിവസം സംസ്ഥാനത്ത് മറ്റ് ബാങ്കുകൾ അടഞ്ഞ് കിടക്കും. ശനിയും ഞായറും ബാങ്ക് അവധി ദിവസങ്ങളാണ്. അതിന് ശേഷമെത്തുന്ന തിങ്കളും ചൊവ്വയും ട്രേഡ് യൂണിയൻ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നതിനാൽ നാല് ദിവസം ബാങ്ക് സേവനങ്ങൾ ലഭ്യമാവില്ല. നാല് ദിവസം തുടർച്ചയായി ബാങ്ക് അടഞ്ഞ് കിടക്കുന്നത് ബാങ്കിൽ നേരിട്ടെത്തേണ്ട ആവശ്യക്കാർക്കും ഓണ്‍ലൈൻ ഇടപാട് പരിചയമില്ലാത്തവർക്കും പ്രതിസന്ധിയാവും. 30, 31 തീയ്യതികളിൽ പ്രവർത്തിച്ചതിന് ശേഷം വാർഷിക കണക്കെടുപ്പായതിനാൽ ഏപ്രിൽ ഒന്നിന് വീണ്ടും അവധിയായിരിക്കും.