കൊച്ചി: ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഐഎൻടിയുസി സിഐടിയു അടക്കം അഞ്ച് യൂണിയനുകൾക്കാണ് കോടതി നിർദേശം നൽകിയത്.
ഭാരത് പെട്രോളിയം സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. പ്രവർത്തനം ഉറപ്പാക്കാൻ സുരക്ഷ ഏർപ്പെടുത്താനും കോടതി ഉത്തരവിട്ടു.
പ്രതിരോധം, വ്യോമയാനം, സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം ദേശീയ പണിമുടക്ക് ഉണ്ടായാൽ തടസ്സപ്പെടുമെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻലിമിറ്റഡ് അഭിഭാഷകനായ ബെന്നി പി തോമസ് ഹൈക്കോടതി അറിയിച്ചു.
ഹർജിക്കാരുടെ ആശങ്ക കോടതിക്ക് കണ്ടില്ലെന്ന് നടിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് അമിത് പി റാവൽ വ്യക്തമാക്കി. ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ഇന്ധന വിതരണം തടസ്സപ്പെടുത്തരുത് എന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചും നിർദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കൺവൻഷൻ മാർച്ച് 28നും 29നും ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.