ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം സ്യൂട്ട്കേസിൽ അടച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി കുട്ടിയെ കാണാതായതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. രോഹിണി സെക്ടർ-1ൽ താമസിക്കുന്ന കുട്ടിയുടേതാണ് മൃതദേഹമെന്നു തിരിച്ചറിഞ്ഞു.
വെള്ളിയാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ വഴിയരികിൽ സ്യൂട്ട്കേസ് കണ്ട പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പർപ്പിൾ കളർ ട്രാവൽ ബാഗിൽ അടച്ച നിലയിലായിരുന്നു മൃതദേഹം.
തൊണ്ട മുറിച്ചിരുന്നുവെന്നും മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സമീർ ശർമ പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.