ലാഹോർ: ടെസ്റ്റ് പരമ്പരയുടെ അവസാന ദിനം അവസാന സെക്ഷനിൽ പാക്കിസ്ഥാനെ 115 റണ്‍സിന് തോൽപ്പിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. മൂന്ന് മത്സര പരമ്പര 1-0 എന്ന നിലയിലാണ് ഓസീസ് നേടിയത്. ആദ്യ രണ്ടു മത്സരവും സമനിലയിൽ കലാശിച്ചിരുന്നു.
351 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 235 റണ്‍സിന് ഓൾഒൗട്ടായി. അഞ്ച് വിക്കറ്റ് പിഴുത നഥാൻ ലയണും മൂന്ന് വിക്കറ്റുകൾ നേടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമാണ് ഓസീസിന് വിജയം സമ്മാനിച്ചത്. ഇമാം ഉൾ ഹഖ് (70), ബാബർ അസം (55) എന്നിവരാണ് പാക്ക് നിരയിൽ പൊരുതിയത്.
ആദ്യ രണ്ടു ടെസ്റ്റുകളും സമനിലയിലായതിനാൽ ഈ വിജയത്തോടെ ഓസ്ട്രേലിയ പരമ്പരയും സ്വന്തമാക്കി. ഒരു ദിവസത്തിലധികം കളി ബാക്കിനിൽക്കെ പാക്കിസ്ഥാനു മുന്നിൽ 351 റൺസ് വിജയലക്ഷ്യമുയർത്തി ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്റെ ധീരമായ തീരുമാനമാണ് മത്സരം അവർക്ക് അനുകൂലമാക്കിയത്. മാത്രമല്ല, 24 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം പാക്കിസ്ഥാൻ പര്യടനത്തിനെത്തിയ ഓസീസിന്, എന്നെന്നും ഓർമിക്കത്തക്കതായി മൂന്നാം ടെസ്റ്റിലെ വിജയം.
ലഹോറിൽ 351 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 4–ാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 73 റൺസ് എന്ന നിലയിലായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ സ്കോർ 136/2 ആയിരുന്നു. എന്നാൽ രണ്ടാം സെക്ഷനിൽ ആതിഥേയർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. അസ്ഹർ അലി (17), ഫവാദ് ആലം (11), മുഹമ്മദ് റിസ്വാൻ (0) എന്നിവർ പൊരുതാതെ കീഴടങ്ങിയതോടെ പാക്കിസ്ഥാൻ പരാജയത്തിലേക്ക് വീഴുകയായിരുന്നു.
പരമ്പരയിൽ 496 റണ്‍സ് സ്കോർ ചെയ്ത ഓസീസ് ഓപ്പണർ ഉസ്മാൻ കവാജ മാൻ ഓഫ് ദ സീരിസ് പുരസ്കാരം നേടി. മത്സരത്തിൽ എട്ട് വിക്കറ്റുകൾ നേടിയ പാറ്റ് കമ്മിൻസാണ് മത്സരത്തിലെ താരം.