കീവ്: യുക്രെയ്നിൽ റഷ്യ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ആക്രമണത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായും നാറ്റോ സഖ്യത്തിനു നൽകിയ വിഡിയോ സന്ദേശത്തിൽ െസലെൻസ്കി ആരോപിച്ചു.
ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ തീപിടിക്കുകയും ഗുരുതരമായ പൊള്ളലേൽക്കുകയും ചെയ്യുന്നവ പൊടിപടലങ്ങൾ ഉൽപാദിക്കുന്നവയാണ് ഫോസ്ഫറസ് ബോംബുകൾ.
റഷ്യ സൈനികനീക്കം ആരംഭിച്ചിട്ട് ഒരുമാസം ആയിരിക്കെ യുക്രെയ്ന്, നാറ്റോ അനിയന്ത്രിതമായ സൈനിക സഹായം നൽകണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. ‘റഷ്യ അതിന്റെ മുഴുവൻ ആയുധശേഖരവും നിയന്ത്രണങ്ങളില്ലാതെ ഞങ്ങൾക്കെതിരെ ഉപയോഗിക്കുകയാണ്. യുക്രെയ്നിലെ ജനങ്ങളെയും നഗരങ്ങളെയും രക്ഷിക്കാൻ നിയന്ത്രണങ്ങളില്ലാതെ സൈനിക സഹായം ആവശ്യമാണ്.’– സെലെൻസ്കി പറഞ്ഞു.
ഇതുവരെ നൽകിയ പ്രതിരോധ ഉപകരണങ്ങൾക്ക് പാശ്ചാത്യ സൈനിക സഖ്യത്തിലെ അംഗങ്ങൾക്ക് യുക്രെയ്ൻ പ്രസിഡന്റ് നന്ദി അറിയിച്ചു. എന്നാൽ കൂടുതൽ അപകടകാരികളായ ആയുധങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ വിമാനങ്ങളുടെ ഒരു ശതമാനം ഞങ്ങൾക്ക് തരാം. നിങ്ങളുടെ ടാങ്കുകളുടെ ഒരു ശതമാനവും.’– സെലെൻസ്കി അഭ്യർഥിച്ചു.
ഫെബ്രുവരി 24നാണ് യുക്രൈന് മേൽ റഷ്യ ആക്രമണം ശക്തമാക്കിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് നേരിട്ട ഏറ്റവും വലിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. തലസ്ഥാനമായ കിയവ് പിടിക്കാനുള്ള റഷ്യൻ ശ്രമം വിഫലമായി തന്നെ തുടരുകയാണ്. തെക്കൻ തുറമുഖ നഗരമായ മരിയുപോളിൽ റഷ്യൻ ബോംബാക്രമണം ഇപ്പോഴുമുണ്ട്. ഏകദേശം 100,000 ആളുകൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. മരിയുപോളിൽ മാത്രം 2,300 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.
121 കുട്ടികളാണ് യുക്രൈനിൽ കൊല്ലപ്പെട്ടത്. 14,000 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ അവകാശപ്പെടുന്നുണ്ട്. റഷ്യയുടെ അധിനിവേശത്തിൽ പ്രതിഷേധിച്ച് ലോകമെമ്പാടുമുള്ള പൗരന്മാരോട് തെരുവിലിറങ്ങാൻ സെലൻസ്കി അഭ്യർഥിച്ചു.