തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർക്ക് പണം കിട്ടുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. വാഹന, സ്പെയർ പാർട്സ് നിർമാതാക്കളാണ് സമരക്കാർക്ക് പണം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർവേക്കല്ല് പിഴുതുമാറ്റുന്നവർക്കെതിരെ നിയമനടപടി ഉറപ്പാണ്. ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കേണ്ട കുറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് സാമൂഹിക ആഘാത പഠനമാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് വിധേയമായിട്ടാണ് സിൽവർ ലൈനുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. അത് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ബിജെപിക്കാർ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.
തെറ്റായവിവരം പ്രചരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മാപ്പുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആരോ നൽകിയ വ്യാജരേഖ വച്ചായിരുന്നു അദ്ദേഹത്തിൻറെ പരാമർശം. പാർടിയിലുള്ളവരോടെങ്കിലും ചോദിക്കണമായിരുന്നു. ഏറെ ബഹുമാനമുള്ള നേതാവാണ് തിരുവഞ്ചൂർ. അതുകൊണ്ട് വ്യക്തിപരമായി ഒന്നും പറയുന്നില്ല, സിൽവർ ലൈൻ പദ്ധതിക്കായി വീട് വിട്ടുകൊടുക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.