തിരുവനന്തപുരം: സില്‍വർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാൻ ഇടനിലക്കാർ പ്രവർത്തിക്കുന്നതായി പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ. ഒരാഴ്ചയായി ഈ ഇടനിലക്കാര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുകയാണ്. ഈ ഇടനിലക്കാരാണ് സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പൊടുന്നനെ നിര്‍ത്തിച്ചതെന്നും സതീശൻ ആരോപിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നുണ്ട്. ഇടനിലക്കാരെ വെച്ച് ഡല്‍ഹിയില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുകയാണ്. ഡല്‍ഹിയില്‍ ഇന്നത്തെ പോലീസ് അതിക്രമത്തിന് പിന്നിലും ഇടനിലക്കാരാണെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു.
കെ-റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ടതിനു ശേഷവും മുഖ്യമന്ത്രിക്ക് പുതിയതായി ഒന്നും പറയാനില്ല. അഴിമതി മാത്രമാണ് പദ്ധതിക്ക് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ സാമ്പത്തികവും പാരിസ്ഥിതികവുമായി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സിൽവർ ലൈനിനെതിരായ ജനങ്ങളുടെ സമരത്തിന് പിന്തുണ നല്‍കും. വര്‍ഗീയത എന്നത് എന്തിനും ഉപയോഗിക്കാന്‍ എകെജി സെന്ററില്‍ അടിച്ചുവച്ചിരിക്കുകയാണ്. എന്തുവന്നാലും അതിനടിയില്‍ ഒപ്പിട്ടുകൊടുക്കുകയാണ് പാര്‍ട്ടി സെക്രട്ടറിയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ഡിപിആറില്‍ അവ്യക്തതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ട്. സ്ഥലം വിട്ടുകൊടുക്കുന്നവര്‍ മാത്രമല്ല കേരളം മുഴുവന്‍ ഇതിന് ഇരകളാണ്. വിട്ടുകൊടുക്കുന്ന സ്ഥലത്തിന് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. ബഫര്‍ സോണിലുള്ളവര്‍ക്ക് ലഭിക്കില്ലെന്നും വി.ഡി. സതീശന് മാധ്യമങ്ങളോട് പറഞ്ഞു. അഴിമതി മാത്രമാണ് സില്‍വര്‍ലൈനിന് പിന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംപിമാര്‍ക്കെതിരെ ഡല്‍ഹി പോലീസ് നടത്തിയ അതിക്രമത്തെയും പ്രതിപക്ഷ നേതാവ് അപലപിച്ചു. ഡല്‍ഹിയില്‍ എംപിമാര്‍ക്കെതിരെയുണ്ടായ അതിക്രമം അതിക്രൂരമാണെന്ന് അദ്ദേഹം പറഞ്ഞു.