അബൂദബി: രാജ്യത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്ക് തീപിടിക്കുന്നത് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് അബൂദബി പൊലീസിൻറെ നിർദേശം. വാഹനങ്ങൾക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങൾ ഇല്ലാതാക്കാൻ പ്രധാനമായും അഞ്ച് മുൻ കരുതലുകൾ സ്വീകരിക്കണം. വേനൽക്കാലത്ത് വാഹനങ്ങൾ തീപിടിക്കുകയും ഇതുമൂലം അപകടങ്ങളുണ്ടാവുന്നതുമായ സംഭവങ്ങൾ നിരവധിയാണ്. വാഹനം ഉപയോഗിക്കുന്നവരുടെ അശ്രദ്ധയാണ് പ്രധാനകാരണമെന്ന് അബൂദബി പൊലീസും അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയും ചൂണ്ടിക്കാണിക്കുന്നു.
പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള ഇന്ധനങ്ങൾ, ദ്രാവകങ്ങൾ, എണ്ണകൾ, ഉരുകിയൊലിച്ച് തീപിടിക്കുന്ന റബർ, പ്ലാസ്റ്റിക് ഉപകരണങ്ങൾ തുടങ്ങിയവ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടമുണ്ടാവാനുള്ള പ്രധാന കാരണമാണ്. വാഹനം സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താത്തതും പ്രതികൂലമായി ബാധിക്കും. കൃത്യമായി സ്ഥാപിക്കാത്ത യന്ത്രഭാഗങ്ങൾ ഉരഞ്ഞും തീപിടുത്തമുണ്ടാവാൻ സാധ്യതയേറെയാണ്. അംഗീകൃത വർക്ക്ഷോപ്പുകളിൽ വാഹനം അറ്റകുറ്റപ്പണി നടത്താൻ ശ്രദ്ധിക്കണം.