ഡൽഹി: കെ റെയിൽ പദ്ധതിക്കെതിരെ ഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള യു ഡി എഫ് എം പിമാരെ പൊലീസ് വളഞ്ഞിട്ട് തല്ലി. പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലേക്ക് മാർച്ച് നടത്തിയ അംഗങ്ങളെ തടഞ്ഞ പൊലീസ് പ്രകോപനമില്ലാതെ ഹൈബി ഈഡന്റെ മുഖത്തടിക്കുകയായിരുന്നു. ടി എൻ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചുതള്ളുകയും ബെന്നി ബഹനാന്റെ കോളറിൽ കയറി പിടിച്ചുവലിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.
തന്നെ പുരുഷ പൊലീസുകാർ മർദ്ദിച്ചുവെന്ന് രമ്യാഹരിദാസ് ആരോപിക്കുന്നു. സംഭവത്തിൽ സ്പീക്കർക്ക് പരാതി നൽകുമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു..വിജയ് ചൗക്ക് ഭാഗത്ത് എം പിമാർ പ്രതിഷേധം നടത്തുന്നത് സർവ്വസാധാരണമാണ്. പ്രതിഷേധം തടയാൻ എത്തിയ പൊലീസ് സംഘത്തിൽ വനിതകളാരും ഉണ്ടായിരുന്നില്ല.സുരക്ഷാ കാരണങ്ങളാൽ മാർച്ച് നടത്താൻ കഴിയില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. തങ്ങൾ എംപിമാരാണെന്ന് ആവർത്തിച്ചെങ്കിലും ഒടുവിൽ കടത്തിവിട്ടില്ല. ബാരിക്കേഡ് വച്ച് തടഞ്ഞെങ്കിലും അതു മറികടന്ന് എംപിമാർ മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഉന്തുംതള്ളും മർദ്ദനവും നടന്നത്.