ദുബൈ: യു.എ.ഇയിൽ ഈ വർഷത്തെ ഫിത്ർ സകാത് 25 ദിർഹമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. രോഗം, വാർധക്യം പോലുള്ള കാരണങ്ങളാൽ നോമ്പെടുക്കാത്തവർക്കുള്ള ഫിദ്യ 15 ദിർഹമായിരിക്കും. ഗുരുതര കാരണങ്ങളില്ലാതെ മനഃപൂർവം നോമ്പ് ഉപേക്ഷിക്കുന്നവർക്കുള്ള കഫ്ഫാറ 900 ദിർഹമായും (60 പാവപ്പെട്ടവർക്കുള്ള ഭക്ഷണത്തിൻറെ തുക) നിശ്ചയിച്ചു. യു.എ.ഇ ഫത്വ കൗൺസിലാണ് നിർദേശം പുറത്തിറക്കിയത്. ഇഫ്താർ ഭക്ഷണപ്പൊതിക്ക് 15 ദിർഹമാണ് നിശ്ചയിച്ചത്. അംഗീകൃത ജീവകാരുണ്യ സംഘടനകൾ വഴി ജനങ്ങൾക്ക് ഈ തുക നൽകി ഇഫ്താർ ഭക്ഷണപ്പൊതി സ്പോൺസർ ചെയ്യാം. നോമ്പ് മുറിയാത്തരീതിയിലുള്ള തെറ്റ് ചെയ്തവർ ആറ് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകണം. ഇതിനായി 90 ദിർഹമാണ് നൽകേണ്ടതെന്നും ഫത്വ കൗൺസിൽ അറിയിച്ചു.