അബൂദബി: മുസഫയിലെ എം18 പാർക്കിങ് ലോട്ട്, അബൂദബി സിറ്റിയിലെ ബഹുനില പാർക്കിങ് എന്നിവിടങ്ങളിൽ ഒരുമാസത്തിലേറെയായി നിർത്തിയിട്ടിരിക്കുന്നതോ ഉപേക്ഷിച്ചതോ ആയ വാഹനങ്ങളുടെ ഉടമകൾ ഫീസും കുടിശ്ശികയും അടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിലെ സംയോജിത ഗതാഗതകേന്ദ്രമാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ട്രക്സ് പാർക്കിങ് യാർഡിലും ബഹുനില പാർക്കിങ്ങിലും നിരവധി വാഹനങ്ങളാണ് നാളുകളായി കിടക്കുന്നത്.
ഈ വാഹനങ്ങളുടെ ഉടമകൾ അധികൃതരുമായി ബന്ധപ്പെട്ടാൽ വാഹനങ്ങൾക്ക് കുടിശ്ശികയുണ്ടോ എന്നറിയാൻ സാധിക്കും. നിർദേശങ്ങൾ പാലിക്കാത്ത വാഹനയുടമകൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നിയമനടപടി സ്വീകരിക്കും. നിയമലംഘനം തുടരുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും നോട്ടിസ് പിരീഡ് കഴിഞ്ഞാൽ അവ ലേലത്തിൽ വിറ്റഴിക്കുകയും ചെയ്യും. പാർക്കിങ് ഇടങ്ങളിൽ മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കി പാർക്ക് ചെയ്യരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.