യുക്രെയ്നിലെ റഷ്യൻ അധിനിവേശം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. ഇനിയും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ലോക രാഷ്ട്രങ്ങൾ ആരംഭിച്ചിട്ടില്ല. 40 ലക്ഷത്തിനടുത്ത് ജനങ്ങൾ യുക്രെയ്നിൽനിന്ന് പലായനം ചെയ്തതായി യു.എൻ തന്നെ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം തുടങ്ങിയതിന് ശേഷമാണ് ഇരു രാഷ്ട്രങ്ങളുടെയും രാഷ്ട്രത്തലവൻമാരെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ കൂടുതൽ വാർത്ത പ്രചരിച്ചുതുടങ്ങിയത്.
മുൻ ഹാസ്യ താരമായ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയെ സംബന്ധിച്ച് ഇത്തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ കുറിച്ചും നിറംപിടിപ്പിച്ച ഒരുപാട് വാർത്തകൾ പുറം ലോകത്തെത്തിയിട്ടുണ്ട്. പുടിന്റെ ആസ്തി സംബന്ധിച്ചാണ് ഇപ്പോൾ ലോകമാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. മണിമാളികകൾ, മില്യൺ കണക്കിന് ഡോളർ സമ്പാദ്യം, നൂറു കണക്കിന് കാറുകൾ, ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകൾ എന്നിവയൊക്കെ പുടിന് സ്വന്തമായി ഉള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുടിൻ 140,000 ഡോളർ വാർഷിക ശമ്പളം നേടുന്നതായി ക്രെംലിൻ ഔദ്യോഗികമായി ലോകത്തെ അറിയിച്ചിട്ടുണ്ട്. 800 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു അപ്പാർട്ട്‌മെന്റ്, ഒരു ട്രെയിലർ, മൂന്ന് കാറുകൾ എന്നിവ അദ്ദേഹത്തിന്റെ ആസ്തികളിൽ ഉൾപ്പെടുന്നു എന്നും പരസ്യപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ഇതൊന്നും വാസ്തവമെലലനനാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. പുടിന്റെ വ്യക്തിഗത സമ്പത്ത് 200 ബില്യൺ ഡോളറാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഇൻവെസ്റ്റ്‌മെന്റ് ആൻഡ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഹെർമിറ്റേജ് ക്യാപിറ്റൽ മാനേജ്‌മെന്റ് ആണ് പുടിന്റെ സ്വത്തുവിവരങ്ങൾ പറുത്തുവിട്ടിരിക്കുന്നത്. റഷ്യയിലെ പ്രധാന നിക്ഷേപകരിൽ ഒരാളാണ് പുടിൻ എന്നും അവർ വെളിപ്പെടുത്തുന്നു.
















