ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും വെറുതെ ഇറങ്ങിപ്പോകില്ലെന്ന് ഇമ്രാൻ ഖാൻ (PM Imran Khan). ബുധനാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതോടെ രാഷ്ട്രീയപ്രതിസന്ധിക്ക് (Pakistan Political Crisis) ഇമ്രാൻറെ രാജിയിലൂടെ പരിഹാരം ഉണ്ടാകില്ലെന്ന് വ്യക്തമായി.
‘എന്നെ തോൽപ്പിക്കാൻ പ്രതിപക്ഷം എല്ലാ കാർഡുകളും പുറത്തെടുക്കും എന്നറിയാം. എനിക്കെതിരെ അവർ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിപ്പോകും’ -ഇമ്രാൻ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
‘ഏതെങ്കിലും കള്ളന്മാരുടെ താൽപ്പര്യത്തിന് വേണ്ടിയല്ല താൻ നേതാവായത്, അതിനാൽ തന്നെ എന്തിന് രാജിവയ്ക്കണം’. എന്നെ വീട്ടിലിരുത്താം എന്നത് അതിമോഹമാണ് ഇമ്രാൻ പറഞ്ഞു.
സർക്കാറിൻറെ അനിവാര്യമായ പതനം ഒഴിവാക്കാൻ അവസാന അടവുകൾ പയറ്റി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇമ്രാൻ. സർക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതന്മാരെ അയോഗ്യരാക്കണമെന്നാണ് ഇമ്രാൻറെ ആവശ്യം. ഇതിനായി ഭരണഘടന വ്യവസ്ഥയിൽ വ്യക്തത വേണമെന്നാണ് ഇമ്രാൻറെ ഹർജി.