കൊച്ചി: അന്താരാഷ്ട്ര വ്യോമ ഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ മാർച്ച് 27ന് അവസാനിക്കാനിരിക്കെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രകൾക്ക് രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളം എന്ന ഖ്യാതിയുള്ള കൊച്ചിയിൽ നിന്ന് അടുത്തയാഴ്ച മുതൽ ആഴ്ചയിൽ 1190 സർവീസുകളുണ്ടാകും. ഇപ്പോൾ ഇത് 848 ആണ്.
ആഭ്യന്തര – അന്താരാഷ്ട്ര സെക്ടറുകളിലെല്ലാം സർവീസുകളുടെ എണ്ണം കൂടുമെന്ന് സിയാൽ പുറത്തിറക്കിയ പ്രസ്താവന പറയുന്നു. 20 എയർലൈനുകൾ വിദേശത്തെ വിവിധ നഗരങ്ങളിലേക്ക് കൊച്ചിയിൽ നിന്ന് സർവീസുകൾ നടത്തും. ഇവയിൽ 16 എണ്ണവും വിദേശ എയർലൈനുകളാണ്.
ഇന്റിഗോ ആയിരിക്കും കൊച്ചിയിൽ നിന്ന് ഏറ്റവുമധികം വിദേശ സർവീസുകൾ നടത്തുക. ആഴ്ചയിൽ 42 വിദേശ സർവീസുകളാണ് കൊച്ചിയിൽ നിന്ന് അടുത്തയാഴ്ച മുതൽ ഇന്റിഗോയ്ക്കുള്ളത്. 38 സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യ ബെർഹാദുമാണ് തൊട്ടുപിന്നിൽ. ഇത്തിഹാദ് – 21, എമിറേറ്റ്സ് – 14, ഒമാൻ എയർ – 14, ഖത്തർ എയർവേയ്സ് – 14, സൗദി അറേബ്യൻ എയർലൈസൻസ് – 14, കുവൈത്ത് എയർലൈൻസ് – 8, തായ് എയർലൈൻസ് – 4, ശ്രീലങ്കൻ എയർലൈൻസ് – 10, ഗൾഫ് എയർ – 7, സിംഗപ്പൂർ എയർലൈൻസ് – 7, സ്പ്ലൈസ്ജെറ്റ് – 6, ഫ്ലൈ ദുബൈ – 3 എന്നിങ്ങനെയാണ് മറ്റ് പ്രധാന കമ്പനികളുടെ പ്രതിവാര സർവീസുകളുടെ എണ്ണം.