ഡൽഹി: കേരളത്തിലെ കോൺഗ്രസിൽ ഒരു വിഭാഗം ബിജെപിയെ സഹായിക്കുകയാണെന്ന വിമർശനവുമായി ശശി തരൂർ എംപി രംഗത്ത്. സിപിഐ എം പാർടി കോൺഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുക്കുന്നതിനെ ഹൈക്കമാൻഡ് വിലക്കിയത് വിശദീകരിച്ചുള്ള പ്രസ്താവനയിലാണിത്. സിൽവർ ലൈൻവിരുദ്ധ സമരത്തിൽ ബിജെപിയുമായി കൈകോർത്താണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം നീങ്ങുന്നതെന്ന് ശശി തരൂർ വ്യക്തമാക്കി.
നയവിഷയങ്ങളിൽ ബിജെപി വിരുദ്ധ പ്രതിപക്ഷ പാർടികൾ തമ്മിലുള്ള ആശയകൈമാറ്റത്തിന് നല്ലൊരു ഉദാഹരണമായിരുന്നു സിപിഐ എം സെമിനാറെന്ന് തരൂർ പറഞ്ഞു. ഇത് പ്രോൽസാഹിപ്പിക്കേണ്ട ഒന്നാണ്. പക്ഷെ , ചിലർ ഈ വിഷയത്തിൽ അനാവശ്യ വിവാദം സൃഷ്ടിച്ചത് ഖേദകരമാണ്–- തരൂർ പ്രസ്താവനയിൽ പറയുന്നു.