ദോഹ: ഖത്തറിൽ മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം) രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഒട്ടകങ്ങളുമായി നേരിട്ട് ഇടപഴകിയ 50കാരനാണ് രോഗബാധ. രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് ആശുപത്രിയിൽ മതിയായ പരിചരണം നൽകുന്നതായും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇയാളുമായി സമ്പർക്കം പുലർത്തിയവർക്കൊന്നും ഇതുവരെ രോഗലക്ഷണങ്ങളില്ല. എന്നാൽ, ദേശീയ ആരോഗ്യ പ്രോടോകോൾ അനുസരിച്ച് ഇവർ 14 ദിവസം നിരീക്ഷണത്തിന് വിധേയരായിരിക്കും. രോഗം പടരുന്നത് തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് ആരോഗ്യ വിഭാഗം മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചു. കോവിഡ് വൈറസ് വിഭാഗങ്ങളിൽപെട്ട രോഗാണുവാണ് മെർസ് ബാധക്ക് കാരണമാവുന്നത്. എന്നാൽ, കോവിഡ് 19ന് കാരണമായ നോവൽ കൊറോണ വൈറസുമായി ഈ രോഗാണുവിന് ബന്ധമില്ല. രണ്ട് രോഗങ്ങളും തമ്മിൽ പകരുന്ന രീതിയിലും അണുബാധയുടെ ഉറവിടത്തിലും രോഗ തീവ്രതയിലുമെല്ലാം കാര്യമായ വ്യത്യാസമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം, പൊതുജനങ്ങൾ ശുചിത്വവും മുൻകരുതലും പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചു. മാറാരോഗങ്ങളുള്ളവരും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരും കുടുതൽ ശ്രദ്ധിക്കണം. വെള്ളവും സോപ്പും ഉപയോഗിച്ച് പതിവായി കൈ കഴുകുക, ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുക, ഒട്ടകങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക, പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ചികിത്സ തേടുക എന്നിവയാണ് പ്രധാന ജാഗ്രത നിർദേശം.