റിയാദ്: ആഗോള വിപണിയിലെ എണ്ണ വിതരണത്തിൽ കുറവുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം വഹിക്കില്ലെന്ന് സൗദി അറേബ്യ. ഇറാന്റെ പിന്തുണയോടെ ഹൂതികൾ അരാംകോ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ നിലപാട് അറിയിച്ചത്.
ഹൂതികൾക്ക് ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയും അത്യാധുനിക ഡ്രോണുകളും നൽകുന്നത് ഇറാൻ തുടരുന്നതിലെ അപകടത്തെ കുറിച്ച് അന്താരാഷ്ട്ര സമൂഹം ബോധവാന്മാരാകേണ്ടതിന്റെ പ്രാധാന്യം സൗദി ഊന്നിപ്പറഞ്ഞു. ഈ മിസൈലുകളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് അവർ സൗദിയിലെ എണ്ണ,വാതക അനുബന്ധ ഉൽപ്പാദന കേന്ദ്രങ്ങളെയും അവയുടെ വിതരണത്തെയുമാണ് ലക്ഷ്യമിടുന്നത്. ഇത് എണ്ണ ഉൽപ്പാദനം, സംസ്കരണം, ശുദ്ധീകരണം എന്നീ മേഖലകളിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. രാജ്യത്തിന്റെ ഉൽപ്പാദന ശേഷിയിലും അതിന്റെ ബാധ്യതകൾ നിറവേറ്റാനുള്ള കഴിവിലും സ്വാധീനം ചെലുത്തുന്നതായും സൗദി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.