കൊച്ചി: ‘നമ്പര്‍ 18’ ഹോട്ടല്‍ പോക്സോ കേസുമായി ബന്ധപ്പെട്ട് പ്രതി കോഴിക്കോട് സ്വദേശി അഞ്ജലി റീമ ദേവിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. ഇവര്‍ ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിലാണിതെന്ന് സി.ഐ. അനന്തലാല്‍ വ്യക്തമാക്കി.
മൂന്നാം പ്രതിയായ അഞ്ജലി കഴിഞ്ഞ ബുധനാഴ്ചയാണ് അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിന് ആദ്യമായെത്തിയത്. രണ്ടുമണിക്കൂര്‍ നേരം മാത്രമേ ഇവരെ ചോദ്യം ചെയ്തിട്ടുള്ളൂ. വെള്ളിയാഴ്ച വീണ്ടും എത്താന്‍ ആവശ്യപ്പെട്ടെങ്കിലും അന്നും എത്തിയില്ല. അഞ്ജലിയുടെ മൊബൈല്‍ ഫോണും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്ന് എറണാകുളം പോക്സോ കോടതിയില്‍ എത്തിയ അഞ്ജലി ഉച്ചകഴിഞ്ഞാണ് അന്വേഷണ സംഘത്തിനു മുന്നില്‍ വന്നത്. വിശദമായ ചോദ്യം ചെയ്യാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. പിന്നീട് ചോദ്യം ചെയ്യാന്‍ ഹാജാരാകാന്‍ നിര്‍ദേശിച്ചെങ്കിലും ഇവര്‍ മാറിനില്‍ക്കുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.