ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സുപ്രീം കോടതിയിൽ അന്തിമ വാദം. അണക്കെട്ട് സുരക്ഷിതമല്ലെന്നും തമിഴ്നാടിന് വെള്ളം നൽകുന്നതിൽ അല്ല, അണക്കെട്ടിന്റെ സുരക്ഷിതത്വത്തിലാണ് തർക്കമെന്നും കേരളം സുപ്രീം കോടതിയെ വ്യക്തമാക്കി. മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെയും കേരളത്തിലെയും സാങ്കേതിക അംഗങ്ങൾ ഉൾപ്പെടുന്ന സമിതിയാണ് ഉണ്ടാക്കേണ്ടതെന്ന് കേരളം അഭ്യർത്ഥിക്കുകയും ചെയ്തു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം കോടതിയിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ രൂക്ഷമായി വിമർശിച്ചു. ഇതിന് പിന്നാലെയാണ് മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും കേരളം ഇപ്പോൾ ഉയർത്തുന്നത്.