ദോഹ:കൂറ്റൻ ടാങ്കറുകൾ, ബോംബറുകൾ വഹിച്ച് മൂളിപ്പറക്കുന്ന യുദ്ധവിമാനങ്ങൾ, ശത്രുവിൻറെ സങ്കേതങ്ങൾ ശാസ്ത്രീയമായി കണ്ടെത്താനും നശിപ്പിക്കാനുമുള്ള യന്ത്ര സംവിധാനങ്ങൾ… അങ്ങനെ കണ്ടാൽ തീരാത്തത്രയും സുരക്ഷാ-പ്രതിരോധ സംവിധാനങ്ങൾ നിരനിരയായി അണിനിരത്തിയാണ് ഏഴാമത് ദോഹ രാജ്യാന്തര സമുദ്ര-പ്രതിരോധ പ്രദർശനം (ഡിംഡെക്സ്) ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ തുടരുന്നത്.
തിങ്കളാഴ്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്ത പ്രദർശനം ബുധനാഴ്ച സമാപിക്കും. ഖത്തർ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൻകിടക്കാരായ 200ഓളം കമ്പനികളാണ് പങ്കാളികളാകുന്നത്. സൈനിക പ്രതിരോധ സംവിധാനങ്ങളും അത്യാധുനിക പരിശീലന മാർഗങ്ങളും അതിവേഗത്തിൽ മാറിയ സാങ്കേതിക വിദ്യകളെ ഉൾക്കൊണ്ട് പരിഷ്കരിക്കുന്ന പ്രതിരോധ തന്ത്രങ്ങളുമെല്ലാം പരിചയപ്പെടുത്തുന്നതായിരുന്നു വിവിധ കമ്പനികളുടെ പവിലിയനുകൾ.
സന്ദർശകരായി വിവിധ രാജ്യങ്ങളുടെ സൈനിക ഓഫിസർമാരും മറ്റും ഒഴുകിയെത്തുന്നു. ആറു രാജ്യങ്ങളിൽനിന്നുള്ള പ്രതിരോധ മന്ത്രിമാർ, 14 സൈനിക മേധാവികൾ എന്നിവരായിരുന്നു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഖത്തരി കമ്പനികളുടെ സാന്നിധ്യം പ്രദർശനത്തിൽ ശ്രദ്ധേയമായി. ബർസാൻ ഹോൾഡിങ്ങിനു കീഴിലെ നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടെ 46 തദ്ദേശീയ കമ്പനികളാണ് സജീവ സാന്നിധ്യമായുള്ളത്. ആദ്യ ദിനത്തിൽതന്നെ ബർസാൻ നാല് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.