പാലക്കാട്: കാമുകിക്കൊപ്പം കേരളം ചുറ്റാനുള്ള പണത്തിനായി കഞ്ചാവ് വിൽപ്പനയ്ക്കിറങ്ങിയ യുവാവും വനിതാ സുഹൃത്തും അറസ്റ്റിൽ. അസം സ്വദേശി മുകീബുർ റഹ്മാൻ, ഒഡിഷ സ്വദേശിനി തനു നായക് എന്നിവരെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേർന്ന് പാലക്കാട് നിന്നും പിടികൂടിയത്. വസ്ത്രമെന്ന വ്യാജേന ട്രോളി ബാഗിൽ ഒളിപ്പിച്ചിരുന്ന പതിനെട്ട് കിലോ കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു.കെട്ടിട നിർമാണ തൊഴിലാളിയായാണ് മുകീബുർ റഹ്മാൻ ഏഴുവർഷം മുൻപ് ആലുവയിലെത്തിയത്. പച്ചക്കറി, പഴവർഗം, മീൻവിൽപന തുടങ്ങി സകലതും പരീക്ഷിച്ചെങ്കിലും പച്ചപിടിക്കാനായില്ല. ഇതിനിടെയാണ് ഒരു മിസ്ഡ് കോളിലൂടെ തനു നായകുമായി പരിചയത്തിലാകുന്നതും, തുടർന്ന് പരിചയം പ്രണയത്തിലെത്തുന്നതും.
ഇടവേളകളിൽ കൂട്ടുകാരിയെ കാണാൻ ഒഡിഷയിലെത്തിയ മുകീബുർ കഞ്ചാവ് കടത്തിന്റെ മുഴുവൻ വഴികളും മനസിലാക്കി. മൂന്ന് തവണകളിലായി അഞ്ച് കിലോ വീതം കഞ്ചാവ് കേരളത്തിലെത്തിച്ച് പലർക്കും കൈമാറിയിരുന്നു. കൂട്ടുകാരിക്കൊപ്പം കറങ്ങാനുള്ള തുക കണ്ടെത്താനാണ് കൂടിയ അളവിൽ ഒഡീഷയിൽ നിന്ന് കഞ്ചാവെത്തിക്കാൻ തീരുമാനിച്ചത്. കൂട്ടുകാരിയും ഇതിനു സമ്മതം പറഞ്ഞതോടെ കുടുംബം എന്ന വ്യാജേന ട്രെയിനിൽ ജനറൽ കംപാർട്ട്മെന്റിൽ ഇരുവരും യാത്ര തിരിക്കുകയായിരുന്നു. ആലുവ വരെയുള്ള ടിക്കറ്റ് എടുത്തെങ്കിലും ഒലവക്കോട് എത്തിയപ്പോൾ ഉദ്യോഗസ്ഥരുടെ പരിശോധന കണ്ടു രക്ഷപ്പെടാനായി പുറത്തിറങ്ങി. സംശയം തോന്നി ഉദ്യോഗസ്ഥർ പിന്നാലെ പാഞ്ഞെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. വിശദമായി പരിശോധിക്കുമ്പോഴാണ് കഞ്ചാവ് കടത്തിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.