കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്ന് വർഷത്തിനിടെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ കുറവ്. ഈ കാലയളവിൽ 19 ശതമാനം കുറവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 140,000 ഗാർഹിക തൊഴിലാളികൾ മൂന്ന് വർഷത്തിനിടെ കുവൈത്തിൽ നിന്ന് സ്ഥിരമായി മടങ്ങിപ്പോയെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് ‘അറബ് ടൈംസ് ഓൺലൈൻ’ റിപ്പോർട്ട് ചെയ്തു.
2019ൽ 731,370 ഗാർഹിക തൊഴിലാളികളാണ് കുവൈത്തിലുണ്ടായിരുന്നത്. 2021 അവസാനമായപ്പോഴേക്കും ഇത് 591,360 ആയി കുറഞ്ഞു. കൊവിഡ് മഹാമാരിയുടെ തുടക്കം മുതൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. കൊവിഡ് കാലത്ത് നിരവധി പേർ സ്വദേശങ്ങളിലേക്ക് തിരിച്ചുപോയതാണ് ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കുത്തനെയുള്ള കുറവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.