ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഇന്നുമുതൽ അന്തിമവാദം കേൾക്കും. ജസ്റ്റിസ് എ എം ഖാൻവിൽക്കർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.മുല്ലപ്പെരിയാർ അണക്കെട്ടിൽ അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കുറ്റപ്പെടുത്തി. 2010 -11 കാലത്ത് നടന്ന സുരക്ഷ പരിശോധനക്ക് ശേഷം കാലാവസ്ഥയില്‍ കാര്യമായ മാറ്റം സംഭവിച്ചു. അണക്കെട്ട് ഉള്‍പ്പെടുന്ന മേഖലയില്‍ പ്രളയും ഭൂചലനവും ഉണ്ടായത് സുരക്ഷയെ ബാധിച്ചിട്ടുണ്ട്. 2018 ലെ സുരക്ഷ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെട്ടു.
പ്രാഥമിക പരിശോധനയിൽ ഡാമിന്റെ മൊത്തത്തിലുള്ള അവസ്ഥ സുരക്ഷിതമാണെന്നാണ് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയുടെ വിലയിരുത്തലെന്നാണ് ജല കമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. പക്ഷേ, പുതുതായി ഒരു സുരക്ഷാ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.