ന്യൂഡൽഹി: തിരുവനന്തപുരം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ഓഹരി വിൽപ്പനയുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എച്ച്എൽഎല്ലിന്റെ ഉടമസ്ഥാവകാശം ലേലം നടത്താതെ നേരിട്ട് കേരളത്തിന് നൽകുന്നതിന് ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ എച്ച്എൽഎൽ സ്വകാര്യവത്കരണത്തിനെതിരേ കേരളം രംഗത്തെത്തിയിരുന്നു. തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
സംസ്ഥാനങ്ങൾ ഭൂമിയേറ്റെടുത്ത് നൽകിയ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമ്പോൾ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തുമെന്നും ധനമന്ത്രി രാജ്യസഭയിൽ അറിയിച്ചു.
ഹിന്ദുസ്ഥാന്‍ ലാറ്റക്സിനെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ശേഷം ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഐഡിസിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കവേയാണ് ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സംസ്ഥാനത്തെ കേന്ദ്രം വിലക്കിയത്.
കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും ലേല നടപടികളിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പല ഘട്ടത്തിലും സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് എച്ച്എല്‍എല്‍ ലേല നടപടികളില്‍ പങ്കെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ തേടുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സര്‍ക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ സംരംഭങ്ങള്‍ക്കോ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.