കൊല്‍ക്കത്ത: തൃണമൂൽ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് പശ്ചിമബംഗാളില്‍ ഉണ്ടായ സംഘർഷത്തില്‍ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ ഡിജിപി മനോജ് മാളവ്യ. എട്ടുപേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതെന്ന് ഡിജിപി സ്ഥിരീകരിച്ചു.
നേരത്തെ പത്തുപേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു പുറത്തുവന്ന വിവരം. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സബ് ഡിവിഷണൽ പൊലീസ് ഓഫീസറെയും രാംപൂർഘട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും നീക്കി.
പശ്ചിമ ബംഗാളിലെ ബിർഭുമിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിലാണ് എട്ടുപേര്‍ കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ 7 പേര് അടക്കമാണ് കൊല്ലപ്പെട്ടത്. ഇവരുടെ അഗ്നിക്കിരയായ മൃതദേഹങ്ങൾ കണ്ടെത്തി.
An hour after the news of the murder of TMC leader Bahadur Sheikh last night, 7-8 nearby houses were set on fire. 11 people arrested in this regard. The concerned SDPO and Rampurhat Incharge have been removed from their post: Manoj Malviya, WB DGP on Rampurhat, Birbhum incident pic.twitter.com/QayRWTYMWc
— ANI (@ANI) March 22, 2022
ഇന്നലെ രാത്രിയാണ് ഭർഷാർ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഭാധു ഷെയ്ഖ് കൊല്ലപ്പെട്ടത്. തൃണമൂൽ കോൺഗ്രസിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് സംഘർഷത്തിന് പിന്നിലെന്നാണ് സൂചന.
തിങ്കളാഴ്ച വൈകുന്നേരം ചായക്കടയിൽ ഇരുന്ന ഭാധു ഷെയ്കിനെതിരെ അക്രമിസംഘം പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ ഇയാളുടെ അനുയായികൾ അക്രമികളെന്ന് സംശയമുള്ളവരുടെ വീടുകൾക്ക് തീവെക്കുകയായിരുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്.
എന്നാൽ സംഘർഷമുണ്ടായിട്ടില്ലെന്നാണ് തൃണമൂൽ നേതൃത്വം പറയുന്നത്. ”ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ടെലിവിഷൻ സെറ്റ് പൊട്ടിത്തെറിച്ച് മൂന്നു നാല് വീടുകളിലേക്ക് തീ പടരുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമന സേന അവിടെയെത്തി. ഒരു പൊലീസ് സംഘം ഗ്രാമത്തിലേക്ക് പോയിട്ടുണ്ട്, അവർ അന്വേഷിക്കട്ടെ”-തൃണമൂൽ ജില്ലാ പ്രസിഡന്റ് അനുബ്രത മണ്ഡൽ പറഞ്ഞു.