കോട്ടയം: ദേശീയ പണിമുടക്കിനെതിരെ കേരള ജനപക്ഷം നേതാവ് അഡ്വ. ഷോൺ ജോർജ്(Shone George). കൊറോണയും തൊഴിലില്ലായ്മയും നിമിത്തം നട്ടംതിരിഞ്ഞ് പെരുവഴിയിലായി നിൽക്കുന്ന തൊഴിലാളികളോട് നിങ്ങൾ രണ്ടു ദിവസം പണിയെടുക്കണ്ട എന്ന് പറയുക എന്നതിനപ്പുറത്തേക്ക് ഈ പണിമുടക്ക് കൊണ്ട് എന്തെങ്കിലും അർത്ഥമുണ്ട് എന്ന് വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷോണിന്റെ പ്രതികരണം. ദേശീയ പണിമുടക്ക് എന്ന പേരിൽ പാറശ്ശാല മുതൽ തലപ്പാടി വരെ നടത്തുന്ന ഈ നാടകം രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡി അറിയും എന്ന് പോലും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. കാലാകാലങ്ങളിൽ ഇതൊരു ചടങ്ങ് മാത്രമായി മാറുമ്പോൾ രണ്ടു ദിവസം ഒരു സംസ്ഥാനത്തിന്റെ വളർച്ചയെ പിടിച്ചുനിർത്തുന്നു എന്നതിനപ്പുറത്തേക്ക് ഈ പണിമുടക്ക് കൊണ്ട് ഒരു അർത്ഥവുമില്ലെന്ന് ഷോൺ പറയുന്നു.
ഷോൺ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാർച്ച് 28,29 ദേശീയ പണിമുടക്കാണ്.. വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ദേശീയ പണിമുടക്ക് നടത്തുന്നത്.കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തിനിടയിൽ ഞാൻ കണ്ടിട്ടുള്ള എന്റെ തൊഴിലാളി സുഹൃത്തുക്കളോട് എല്ലാം ഞാൻ അന്വേഷിച്ചു എന്തിനാണ് ദേശീയപണിമുടക്ക്, എന്തൊക്കെ വിഷയങ്ങളുടെ പേരിലാണ് ഈ പണിമുടക്ക് ..
അവർക്ക് അതിനെക്കുറിച്ച് അറിയില്ല എന്ന് മാത്രമല്ല യാതൊരു ധാരണയുമില്ല. അവരിൽ പലരും എന്നോട് പറഞ്ഞ ഉത്തരം ഇത് എല്ലാ വർഷവും ഉള്ളതാണെന്നാണ്. എല്ലാ വർഷവും നടത്താൻ ഇതെന്നാ ആണ്ടുനേർച്ചയാണോ…കൊറോണയും തൊഴിലില്ലായ്മയും നിമിത്തം നട്ടംതിരിഞ്ഞ് പെരുവഴിയിലായി നിൽക്കുന്ന തൊഴിലാളികളോട് നിങ്ങൾ രണ്ടു ദിവസം പണിയെടുക്കണ്ട എന്ന് പറയുക എന്നതിനപ്പുറത്തേക്ക് ഈ പണിമുടക്ക് കൊണ്ട് എന്തെങ്കിലും അർത്ഥമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.കാരണം നമ്മൾ സമരമുറകൾ സ്വീകരിക്കുന്നത് അധികാരി വർഗത്തിന് എതിരെയുള്ള നമ്മുടെ പ്രതിഷേധം ആയിട്ടും, നമ്മുടെ പ്രതിഷേധം അറിയിക്കുന്നതിനും വേണ്ടിയാണ്.
ഈ മാർച്ച് 28,29-ലെ ദേശീയ പണിമുടക്ക് എന്ന പേരിൽ പാറശ്ശാല മുതൽ തലപ്പാടി വരെ നടത്തുന്ന ഈ നാടകം രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡി ഈ അറിയും എന്ന് പോലും ഞാൻ വിശ്വസിക്കുന്നില്ല.
കാലാകാലങ്ങളിൽ ഇതൊരു ചടങ്ങ് മാത്രമായി മാറുമ്പോൾ രണ്ടു ദിവസം ഒരു സംസ്ഥാനത്തിന്റെ വളർച്ചയെ പിടിച്ചുനിർത്തുന്നു എന്നതിനപ്പുറത്തേക്ക് ഈ പണിമുടക്ക് കൊണ്ട് ഒരു അർത്ഥവുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. പരമ്പരാഗത ശൈലിയിലുള്ള ഇത്തരം പൊറാട്ട് നാടകങ്ങൾ അവസാനിപ്പിക്കാൻ സമയമായി എന്ന് അഭിപ്രായമുള്ളവർക്കായി മാത്രമുള്ള പോസ്റ്റ്.