കീവ്: റഷ്യയുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ നേതാക്കളോട് ആഹ്വാനം ചെയ്ത് യുക്രൈന് പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്കി. ബാള്‍ട്ടിക് രാജ്യങ്ങള്‍ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയനിലെ നിരവധി രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ, വാതക ഇറക്കുമതിക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അഭ്യര്‍ത്ഥനയുമായി സെലൻസ്കി രംഗത്തെത്തിയത്.
“ദയവായി റഷ്യയുടെ യുദ്ധായുധങ്ങള്‍ സ്പോണ്സര് ചെയ്യരുത്. അധിനിവേശക്കാര്‍ക്ക് യൂറോ വേണ്ട. നിങ്ങളുടെ എല്ലാ തുറമുഖങ്ങളും അവര്‍ക്ക് മുന്നില്‍ അടയ്ക്കുക. അവര്‍ക്ക് നിങ്ങളുടെ ഉല്‍പ്പന്നം കയറ്റുമതി ചെയ്യരുത്. ഊര്‍ജ്ജ വിഭവങ്ങള്‍ നിഷേധിക്കുക. യുക്രൈനില്‍ നിന്ന് പിന്മാറാന് റഷ്യയെ പ്രേരിപ്പിക്കുക.” – സെലെന്‍സ്കി ഒരു വീഡിയോ അഭിസംബോധനയില്‍ പറഞ്ഞു.
എന്നാല്‍ റഷ്യന്‍ ഊര്‍ജ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തുന്നതിനെ ജര്‍മ്മനി എതിര്‍ത്തു. യുക്രൈന് വിഷയം ചര്‍ച്ച ചെയ്യാനും റഷ്യയ്ക്കെതിരെയുള്ള ഉപരോധം കര്‍ശനമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന് വിദേശകാര്യ മന്ത്രിമാര്‍ തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്.