തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കെ റെയിൽ വിരുദ്ധ സമരം ശക്തം. കോഴിക്കോട് കെ റെയിൽ കല്ല് സമരക്കാർ പിഴുത് സമീപത്തൂടെ പോകുന്ന കല്ലായി പുഴയിലെറിഞ്ഞു. ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമുണ്ടായി. കോട്ടയത്തും മലപ്പുറത്തും സമരക്കാർ ഉറച്ച നിലപാടിൽ നിന്നു. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമരവുമായി രംഗത്തുണ്ടായി.
കഴിഞ്ഞ ദിവസവും കല്ലിടാന്‍ കെ റെയില്‍ സംഘം കല്ലായിയില്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടുമെത്തിയ സംഘം ആദ്യഘട്ടത്തില്‍ റവന്യു ഭൂമിയിലാണ് കല്ലിടല്‍ ആരംഭിച്ചത്. അത് സ്വകാര്യ ഭൂമിയിലേക്ക് നീങ്ങിയതോടെ നാട്ടുകാരും പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് തടയുകയായിരുന്നു.
കോട്ടയം കുഴിയാലിപ്പടിയിൽ കല്ലിടാനെത്തിയ വാഹനം സമര സമിതി തടഞ്ഞു. വാഹനത്തിന് മുകളിൽ കയറിയിരുന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സമരം. ശക്തമായ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. പൊലീസ് പിൻവാങ്ങും വരെ സമരമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. പൊലീസ് സംയമനം പാലിച്ചു.
കോഴിക്കോട് കല്ലായിയിൽ സർവേ തടഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറും സംഘവും സ്ഥലത്ത് പ്രതിഷേധിച്ചു. മന്ത്രി സജി ചെറിയാനെതിരെ ഡിസിസി അധ്യക്ഷൻ പൊട്ടിത്തെറിച്ചു. വങ്കത്തരമാണ് സജി ചെറിയാൻ പറയുന്നത്, പിണറായി വിജയനും സിപിഎമ്മുമാണ് തീവ്രവാദികൾ, സമരത്തിൽ നിന്ന് പിന്മാറില്ലെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. ഇവിടെ റവന്യൂ ഭൂമിയിൽ സ്ഥാപിച്ച കെ റെയിൽ കല്ലുകൾ പറിച്ചു കളഞ്ഞു. കല്ല് പിഴുത് സമരക്കാർ കല്ലായി പുഴയിൽ ഇട്ടു.
കോൺഗ്രസ് – ബിജെപി പ്രവർത്തകർ ചേർന്നാണ് കല്ല് പറിച്ചത്. സർവേ നിർത്താൻ നിർദേശം ഇല്ലെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥരെ ഉപരോധിച്ച സമരക്കാർ സർവേ നിർത്തി പിരിഞ്ഞു പോകണം എന്ന് ആവശ്യപ്പെട്ടു. സമരക്കാർ തഹസിൽദാരെ ഉപരോധിച്ചു. സ്ഥിതിഗതികൾ ജില്ലാ കളക്ടറെ ധരിപ്പിച്ച് മറുപടിക്കായി കാത്തു നിൽക്കുന്നു എന്ന് റവന്യൂ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
കല്ലായില്‍ നടന്ന പ്രതിഷേധത്തിനിടെ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലായിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞു. സമര സമിതി പ്രവര്‍ത്തകരും കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരും സംഘടിച്ച് പൊലീസിനെതിരെ മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണുണ്ടായത്. റോഡില്‍ മാര്‍ക്ക് ചെയ്യാനായി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന പെയിന്റ് പ്രവര്‍ത്തകര്‍ തട്ടിമറിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി.
അതേസമയം, സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതാല്‍ വീണ്ടും കല്ലിടുമെന്ന് കെ റെയില്‍ എംഡി വി.അജിത് കുമാര്‍. ഇപ്പോള്‍ സ്ഥാപിക്കുന്നത് അതിരടയാള കല്ലുകളാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും നടത്തുക. പദ്ധതി വിഭാവനം ചെയ്തത് കേന്ദ്രത്തിന്റെ അനുമതിയോടെയാണ്. നഷ്ടപരിഹാരം നല്‍കാതെ ആരുടെയും ഭൂമി ഏറ്റെടുക്കില്ല.
കല്ലിടീല്‍ 2 മാസത്തിനുള്ളില്‍ തീര്‍ക്കും. അത് കഴിഞ്ഞശേഷം മൂന്ന് മാസത്തിനുള്ളില്‍ സാമൂഹ്യാഘാത പഠനം നടത്തും. സമരം മൂലം കല്ലിടീല്‍ തടസപ്പെട്ടാല്‍ പദ്ധതിക്ക് കാലതാമസമുണ്ടാകും. സര്‍വേ നടപടികളുമായി മുന്നോട്ടുതന്നെ പോവുമെന്നും തടസങ്ങള്‍ മാറ്റിത്തരേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കെ-റെയിലിനെതിരായ പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി അനില്‍കാന്ത്. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവത്ക്കണം നടത്തണം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഡിജിപിയുടെ നിർദ്ദേശം. സമരക്കാർക്കെതിരായ പൊലീസ് ബലപ്രയോഗം വിവാദമായ പശ്ചാതലത്തിലാണ് ഡിജിപിയുടെ നിർദേശം.