ബെയ്ജിങ്: ചൈനയില്‍ 132 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അന്വേഷണത്തിന് ഉത്തരവിട്ടു. ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. കുൻമിങ്ങിൽനിന്ന് ഗ്വാങ്ഷൂവിലേക്കുള്ള യാത്രാമധ്യേ വുഷു നഗരത്തിന് സമീപം പർവതമേഖലയിലായിരുന്നു അപകടം. വിമാന അപകടത്തിന്റെ കാരണം എന്താണെന്നത് സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
അതിനിടെ വിമാനം മൂക്കുകുത്തി മലനിരകളിലേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പ്രാദേശിക മൈനിങ് കമ്പനിയുടെ സെക്യൂരിറ്റി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇതെന്നാണ് അവകാശവാദമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
അതിനിടെ വിമാനം മൂക്കുകുത്തി താഴേക്ക് പതിക്കുന്നത് കണ്ടുവെന്ന് പ്രദേശത്തെ ഒരു ഗ്രാമവാസി എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വിമാനം വനപ്രദേശത്തേക്ക് വീഴുന്നതും കത്തിയമരുന്നതും കണ്ടുവെന്നാണ് ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്നയാള്‍ പറയുന്നത്.
123 യാത്രക്കാരും ഒന്‍പത് ജീവനക്കാരുമാണ് തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തിൽ എല്ലാവരും മരിച്ചിരിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ചൈനീസ് സർക്കാർ പുറത്തുവിട്ടിട്ടില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുംതന്നെ ജീവനോടെ അവശേഷിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സും ചൈനയിലെ പീപ്പിള്‍സ് ഡെയ്ലിയും റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനാണ് അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചത്.
123 യാത്രക്കാരും ഒൻപത് ജീവനക്കാരുമായാണ് കുൻമിങ്ങിൽനിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.11ന് വിമാനം ഗ്വാങ്ഷൂവിലേക്ക് പുറപ്പെട്ടത്. 2.22ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നാലെയാണ് ഗ്രാമപ്രദേശത്തെ പർവതമേഖലയിൽ തകർന്നുവീണ വിവരം പുറത്തെത്തുന്നത്. അപകടകാരണം വ്യക്തമല്ല. വിമാനം തകർന്നതിനു പിന്നാലെ പ്രദേശത്ത് വൻതീപിടിത്തമുണ്ടായിരുന്നു.
അപകടത്തിന് പിന്നാലെ ചൈന, ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ വെബ്സൈറ്റിനും മൊബൈല്‍ ആപ്പിനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും ബ്ലാക്ക് ആന്റ് വൈറ്റ് നിറം നല്കി. ദുഃഖ സൂചനയായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.