ദോഹ: ലോകം കാത്തിരിക്കുന്ന കാൽപന്ത് ആരവത്തിലേക്ക് ഇനി മാസങ്ങളുടെ ഇളവേള മാത്രം. ലോകകപ്പ് ഫുട്ബാളിൻെറ ചരിത്ര മുഹൂർത്തത്തിൽ സന്നദ്ധ സേവനത്തിലൂടെ ഭാഗമാവാൻ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് അവസരമൊരുക്കി ഫിഫ.
2022 ഖത്തർ ലോകകപ്പ് വളണ്ടിയർ ആവാൻ https://volunteer.fifa.com എന്ന വെബ്സൈറ്റ് വഴി ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാം. 20,000 വളണ്ടിയർമാരെയാണ് ലോകകപ്പിൽ ഫിഫ നിയോഗിക്കാൻ ആഗ്രഹിക്കുന്നത്. സ്റ്റേഡിയങ്ങൾ, പരിശീലന വേദികൾ, വിമാനത്താവളം, ഫാൻ സോൺ, ഹോട്ടൽ, പൊതുഗതാഗത മേഖലകൾ തുടങ്ങി 45 സ്ഥലങ്ങളിൽ വളണ്ടിയർമാരുടെ സേവനം ആവശ്യമായി വരും.
2022 ഒക്ടോബർ ഒന്നിന് 18 വയസ്സ് തികയുന്ന ആർക്കും അപേക്ഷിക്കാം. അറബി, ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിയണം. മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാമെന്ന് ഫിഫ അറിയിച്ചു.
ഈ വരുന്ന നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിലെ എട്ടു വേദികളിലായി ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നടക്കുന്നത്. ഫിഫ വളണ്ടിയർ പ്രോഗ്രാം തിങ്കളാഴ്ച രാത്രി ദോഹ കതാറ ആംഫി തീയറ്ററിൽ നടക്കാനിരിക്കെയാണ് വളണ്ടിയർ അപേക്ഷക്കുള്ള അവസരം തുറന്നു നൽകിയത്.