മസ്കത്ത്: ദുബൈ എക്സ്പോക്ക് തിരശ്ശീല വീഴാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഒമാൻ പവിലിയനിൽ എത്തിയ സന്ദർശകരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു. കോവിഡ് കാലത്തും ഇത്രയും ആളുകളെ പവിലിയനിലേക്ക് എത്തിക്കാൻ കഴിഞ്ഞത് ഒമാൻറെ നേട്ടമാണ്. മികച്ച മുന്നൊരുക്കവും ആളുകളെ ആകർഷിക്കുന്ന തരത്തിലുള്ള പരിപാടികളും സജ്ജീകരിച്ചതാണ് സഹായകമായത്.
ആധുനിക സാങ്കേതികവിദ്യകളുടെയും സൗണ്ട് മാനേജ്മെന്റിന്റെയും അതിശയകരവും ആകർഷിപ്പിക്കുന്നതുമായ ദൃശ്യാവിഷ്കാരം നേട്ടമായി. സുൽത്താനേറ്റ് ഇതുവരെ നേടിയെടുത്ത വികസന നേട്ടങ്ങളുമായിരുന്നു പവിലിയനിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചത്.
ഒമാനെ വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും അനുഗുണമായ രാജ്യമായും എക്സ്പോ പരിചയപ്പെടുത്തുന്നു. ഒമാനിൽനിന്നുള്ള നൂറുകണക്കിന് ചെറുകിട, ഇടത്തരം സംരംഭകരാണ് നിലവിൽ എക്സ്പോയിൽ പങ്കെടുക്കുന്നത്. അതേസമയം, ദുബൈ എക്സ്പോയിലെ മൊത്തം സന്ദർശകരുടെ എണ്ണം രണ്ടു കോടിയായി.