കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ രണ്ട് പ്രവാസികൾക്ക് ശിക്ഷ. പ്രതികളിലൊരാൾക്ക് ഏഴ് വർഷം കഠിന തടവും രണ്ടാമന് നാല് വർഷം കഠിന തടവുമാണ് ശിക്ഷ. അതിന് ശേഷം നാടുകടത്താനും കുവൈത്ത് അപ്പീൽ കോടതി ഉത്തരവിട്ടു. നേരത്തെ കേസ് പരിഗണിച്ച കീഴ്കോടതിയുടെ വിധി അപ്പീൽ കോടതി അംഗീകരിക്കുകയായിരുന്നു.
ഈജിപ്ത് സ്വദേശിയായ ഒരു നഴ്സും മറ്റൊരു ഈജിപ്തുകാരനുമാണ് കേസിൽ അറസ്റ്റിലായിത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്തിരുന്ന നഴ്സ് 100 ദിനാർ കൈക്കൂലി വാങ്ങിയാണ് വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റിന് വേണ്ട ഒത്താശ ചെയ്തുകൊടുത്തത്. വ്യാജ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ആൾ 800 ദിനാർ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പുറമെയാണ് കഠിന തടവും ശിക്ഷ പൂർത്തിയായ ശേഷമുള്ള നാടുകടത്തലും.