കയ്പമംഗലം: പെരിഞ്ഞനത്തുണ്ടായ വാഹനാപകടത്തിൽ സിനിമ സംവിധായകൻ സന്ധ്യ മോഹൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്. പെരിഞ്ഞനം സെൻ്ററിന് വടക്ക് ദേശീയ പാതയിൽ ടെമ്പോ ട്രാവലറും കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന സംവിധായകൻ എറണാകുളം സ്വദേശി സന്ധ്യ മോഹൻ (59), ബൈക്കിലുണ്ടായിരുന്ന പെരിഞ്ഞനം പൊന്മാനിക്കുടം സ്വദേശി ഗീത പുഷ്പൻ (46), ട്രാവലറിലുണ്ടായിരുന്ന തളിക്കുളം സ്വദേശികളായ നാല് പേർക്കുമാണ് പരിക്കേറ്റത്.
സന്ധ്യ മോഹനെയും ഗീതാ പുഷ്പനെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും , ട്രാവലറിലുണ്ടായിരുന്നവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. പുന്നയ്ക്ക ബസാർ ആക്ട്സ് പ്രവർത്തകരും, ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകരുമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.