ജിദ്ദ: റിയാദ് സീസണിലെ സന്ദർശകരുടെ എണ്ണം 14 ദശലക്ഷം കവിഞ്ഞു. പൊതുവിനോദ അതോറിറ്റി മേധാവി തുർക്കി ആലുശൈഖാണ് ഇക്കാര്യം അറിയിച്ചത്. ‘കൂടുതൽ സങ്കൽപിക്കുക’ എന്ന തലക്കെട്ടിൽ കഴിഞ്ഞ ഒക്ടോബർ 20 നാണ് റിയാദ് സീസൺ ആരംഭിച്ചത്. റിയാദിലെ 14 മേഖലകളിൽ 5.4 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടന്ന കായികമത്സരങ്ങൾ, പ്രദർശനങ്ങൾ, കച്ചേരികൾ തുടങ്ങി വിവിധ വിനോദപരിപാടികളിൽ അഭൂതപൂർവമായ ജനപങ്കാളിത്തമാണ് ഉണ്ടായത്. നാലു മാസം പിന്നിട്ടതോടെ രാജ്യത്തിന്റെയും ഗൾഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിനോദസീസണായി റിയാദ് സീസൺ മാറിക്കഴിഞ്ഞിട്ടുണ്ട്.