കാബൂൾ: അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ. മാർച്ച് 22 ന് ഹൈസ്‌കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് സ്‌കൂൾ പ്രവേശനം അനുവദിക്കുമെന്ന് ഒരു വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ പറഞ്ഞു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമോയെന്ന ചോദ്യം അന്താരാഷ്ട്ര തലത്തിൽ ഉയർന്നു വന്ന സാഹചര്യത്തിലാണ് താലിബാന്റെ നിർണായക തീരുമാനം.
“എല്ലാ സ്‌കൂളുകളും എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി തുറക്കാൻ പോകുകയാണ്,” വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വക്താവ് അസീസ് അഹമ്മദ് റയാൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
“എന്നാൽ പെൺകുട്ടികൾക്ക് ചില നിബന്ധനകളുണ്ട്. പെൺകുട്ടികളെ വനിതാ അധ്യാപകർ മാത്രമാകും പഠിപ്പിക്കുക.” അദ്ദേഹം പറഞ്ഞു. വനിതാ അധ്യാപകരുടെ കുറവുള്ള ചില ഗ്രാമപ്രദേശങ്ങളിൽ, പെൺകുട്ടികളെ പഠിപ്പിക്കാൻ മുതിർന്ന പുരുഷ അധ്യാപകരെ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“ഈ വർഷം അടച്ചുപൂട്ടുന്ന ഒരു സ്‌കൂളും ഇല്ല. ഏതെങ്കിലും സ്‌കൂൾ പൂട്ടുകയാണെങ്കിൽ, അത് തുറക്കേണ്ടത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്,” റയാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് പകുതിയോടെയാണ് താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തത്. അതോടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും പെൺകുട്ടികൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
















