സൗദി അറേബ്യയില്‍ ഹൂതികളുടെ ഡ്രോൺ ആക്രമണം; വാഹനങ്ങളും വീടുകളും തകര്‍ന്നു

 

റിയാദ്: സൗദി അറേബ്യക്ക് നേരെ യെമനിലെ സായുധ വിമത സംഘമായ ഹൂതികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. ജിസാൻ അൽ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റ്, ദഹ്‌റാൻ അൽ ജനുബ് നഗരത്തിലെ പവർ സ്റ്റേഷൻ, ഖമീസ് മുശൈത്തിലെ ഗ്യാസ് സ്റ്റേഷൻ, ജിസാനിലെയും യാംബുവിലെയും അരാംകോ പ്ലാന്റുകൾ, ത്വാഇഫ് നഗരം എന്നിവക്ക് നേരെയായിരുന്നു ആക്രമണശ്രമം. 
 
എന്നാൽ ഹൂതികളുടെ ഡ്രോൺ ആക്രമണത്തെ പരാജയപ്പെടുത്തിയതായി സൗദി സഖ്യസേന അവകാശപ്പെടുന്നു. ഡ്രോൺ ആക്രമണത്തിൽ ആളപയാമില്ല. മാർച്ച് പത്തിനും ഹൂതി വിമതസേന റിയാദിലെ എണ്ണ ശുദ്ധീകരണശാലയിലേക്ക് ആക്രമണം നടത്തിയിരുന്നു.

സിവിലിയൻമാരെ ലക്ഷ്യമിട്ടുകൊണ്ട് ജിസാൻ നഗരത്തിന് നേരെ തൊടുത്ത ബാലിസ്റ്റിക് മിസൈലും ജിസാൻ, ഖമീസ് മുശൈത്ത്, ത്വാഇഫ് എന്നിവിടങ്ങളിലേക്ക് വിക്ഷേപിച്ച ഒമ്പത് ഡ്രോണുകളും ജിസാനിലെ അൽ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റ്, ജിസാനിലെ അരാംകോ എണ്ണ വിതരണ കേന്ദ്രം തുടങ്ങിയവ ലക്ഷ്യമാക്കി അയച്ച ക്രൂയിസ് മിസൈലുകൾ എന്നിവയും ലക്ഷ്യം കാണുന്നതിന് മുമ്പ് നശിപ്പിച്ചതായി സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലിക്കി അറിയിച്ചു. വ്യത്യസ്‍ത ആക്രമണങ്ങളിൽ ചില വാഹനങ്ങളും വീടുകളും തകര്‍ന്നു. എന്നാൽ ആർക്കും ആളപായമില്ല.
 

നേരത്തെ പ്രശ്നപരിഹാരത്തിനായി ജിസിസി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഹൂതി വിമതർ അറിയിച്ചിരുന്നു. ഈ മാസം 29ന് റിയാദിൽവെച്ച് ചർച്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഹൂതികൾ പിൻമാറിയതോടെ ചർച്ച നടക്കാനിടയില്ല.