ഐ.എസ്.എൽ എട്ടാം സീസണിൽ ഗോൾഡൻ ഗ്ലൗ പുരസ്കാരം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഭ്സുഖാൻ ഗില്‍ സ്വന്തമാക്കി. ഫൈനലിലെ ഷൂട്ടൗട്ടിൽ തിളങ്ങാനായില്ലെങ്കിലും മത്സരത്തിലുടനീളം വ്യക്തിഗത മികവ് പ്രകടിപ്പിച്ചത് 21കാരനായ ഗില്ലായിരുന്നു.
ഴു ക്ലീൻ ചീട്ടുകളടക്കമുള്ള അതിമികച്ച പ്രകടനമാണ് താരത്തിന് പുരസ്കാരം നേടിക്കൊടുത്തത് . 19 മത്സരങ്ങളിലാണ് പ്രഭ്സുഖാൻ ഗിൽ ബ്ലാസ്റ്റേഴ്സിന്റെ വലകാത്തത്. 1634 മിനുട്ടുകൾ. 20 ഗോളുകൾ വഴങ്ങിയപ്പോൾ 42 അവസരങ്ങളാണ് തടുത്തിട്ടത്. 67.74 ശതമാനമാണ് താരത്തിന്റെ ഗോൾ സേവിങ്. ആകെ നേരിട്ടത് 177 ഷോട്ടുകളാണ്. അവയിൽ 62 എണ്ണം ലക്ഷ്യത്തിലെത്തുന്നവയായിരുന്നു.
2020ലാണ് പ്രഭ്സുഖാൻ ഗിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. ബെംഗളൂരു എഫ്സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്ക് ഗിൽ എത്തിയത്. രണ്ട് വർഷത്തേക്കാണ് കരാർ. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ താരം രണ്ട് വർഷം പരിശീലനം നേടി.