മഡ്ഗാവ്: ഐ.എസ്.എല്‍ കിരീടം സ്വന്തമാക്കി ഹൈദരാബാദ് എഫ്.സി. പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഹൈദരാബാദ് എഫ്.സി ഐഎസ്എല്ലിൽ ആദ്യ കിരീടം ചൂടുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്.
ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശിൽപി.
68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു.
ആദ്യ പകുതിയിൽ ആൽവാരാ വാസ്കസിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ്ബാറിലിടിച്ചു മടങ്ങിയത് ബ്ലാസ്റ്റേഴ്സിന് നിരാശയായി. ഇൻജറി സമയത്ത് ഹൈദരാബാദ് താരം ഹവിയർ സിവേറിയോയുടെ തകർപ്പൻ ഡൈവിങ് ഹെഡർ രക്ഷപ്പെടുത്തിയ ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായിരുന്നു.
പന്ത് കൈവശം വെക്കുന്നതിലും മുന്നേറ്റത്തിലുമെല്ലാം ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു മുന്നിൽ. എന്നാൽ മിന്നൽ കൗണ്ടർ അറ്റാക്കുകളുമായി ഹൈദരാബാദ് കളം പിടിക്കാൻ ശ്രമിച്ചു. അതിനിടെ 39ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മികച്ചൊരു നീക്കം ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ഗോളെന്നുറച്ച വാസ്ക്വസിന്റെ ഷോട്ടാണ് ക്രോസ്ബാറിൽ തട്ടിത്തെറിച്ചത്.