റഷ്യന്‍ മിസൈൽ ആക്രമണത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ ഇരുമ്പ്-ഉരുക്ക് നിർമ്മാണ ശാല തകർന്നു

 

കീവ്:  മരിയൂപോളിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ ഇരുമ്പ്-ഉരുക്ക് നിർമ്മാണ ശാല തകർന്നു. അസോവ്സ്റ്റൽ അയേൺ ആൻഡ് സ്റ്റീൽ വർക്ക്‌സ് എന്ന സ്ഥാപനമാണ് റഷ്യൻ ആക്രമണത്തിൽ തകർന്നതെന്ന് അധികൃതർ അറിയിച്ചു. 

റഷ്യൻ ആക്രമണത്തിൽ യുക്രൈൻ കനത്ത സാമ്പത്തിക നഷ്ടമാണുണ്ടായിരിക്കുന്നതെന്നും യുക്രൈന്റെ പരിസ്ഥിതി എല്ലാം നശിച്ചിരിക്കുകയാണെന്നും യുക്രൈനിലെ നിയമസഭാംഗം ലെസിയ വാസിലെങ്കോ ട്വിറ്ററിൽ കുറിച്ചു.

വ്യാവസായിക കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും വസിലെങ്കോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.’ഞങ്ങൾ നഗരത്തിലേക്ക് മടങ്ങുകയാണ്, അവിടെ പോയി ഞങ്ങളുടെ സ്ഥാപനം പുനർനിർമ്മിക്കാനും പുനരുജ്ജീവിപ്പിക്കുവാനുമുള്ള നടപടി സ്വീകരിക്കും’, അസോവ്സ്റ്റലിന്റെ ഡയറക്ടർ ജനറൽ എൻവർ ടിസ്‌കിറ്റിഷ്വിലി വ്യക്തമാക്കി.

ഫെബ്രുവരി 24 ന് റഷ്യൻ യുക്രൈനിൽ അധിനിവേശം ആരംഭിച്ചയുടനെ ഫാക്ടറിക്കു നേരെ അപകടമുണ്ടായാൽ പാരിസ്ഥിതിക നാശം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്‌നിലെ ഏറ്റവും ധനികനായ റിനാറ്റ് അഖ്‌മെറ്റോവ് നിയന്ത്രിക്കുന്ന മെറ്റിൻവെസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമാണ് അസോവ്സ്റ്റൽ.