തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ജെബി മേത്തര്‍ പണം കൊടുത്താണ് വാങ്ങിയതെന്ന് പറഞ്ഞിട്ടില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. ജെബി മേത്തർ പണം കൊടുത്താണ് സീറ്റ് വാങ്ങിയതെന്ന് പറഞ്ഞിട്ടില്ലെന്നും അത് വ്യാഖ്യാനം മാത്രമാണെന്നും അസീസ് പറഞ്ഞു.
ആർഎസ്പി ഇപ്പോഴും യുഡിഎഫിൻറ ഭാഗമാണെന്നും രണ്ട് സീറ്റുകളും ന്യൂനപക്ഷത്തിനാണ് കൊടുത്തത് എന്നാണ് ഉദ്ദേശിച്ചതെന്നും അസീസ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പേയ്മെന്റ് സീറ്റാണ്, ജെബി മേത്തര്‍ സീറ്റ് പണം കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു ആര്‍വൈഎഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ അസീസ് ആദ്യം പറഞ്ഞത്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും അത് വ്യാഖ്യാനമാണെന്നും വിശദീകരിച്ച് അസീസ് രംഗത്തെത്തിയത്.
കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളും മുന്‍ കെപിസിസി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തര്‍. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്സണായ ജെബി 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് 42 വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് വനിതയെ രാജ്യസഭയിലേക്ക് എംപിയായി ഇപ്പോൾ അയക്കുന്നത്.