നൽഗൊണ്ട: മദ്യപിച്ച് എത്തി ഭാര്യയുമായി വഴക്കുണ്ടാക്കി യുവാവ് സഹായത്തിന് വിളിച്ചത് പൊലീസ് കൺട്രോൾ റൂം നമ്പറിൽ. 100 ൽ വിളിച്ച് ഭാര്യ തനിക്ക് മട്ടൻ കറി ഉണ്ടാക്കി തരുന്നില്ലെന്ന് പരാതി പറഞ്ഞ യുവാവിനെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിയിൽ എടുത്തു. ആറ് തവണയാണ് നവീൻ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചത്. ആദ്യത്തെ കോളിൽ വെറുമൊരു തമാശയാണെന്നാണ് പൊലീസ് ധരിച്ചത്. എന്നാൽ പിന്നീട് അഞ്ച് തവണ കൂടി ഇതേ കാര്യം പറഞ്ഞ് ഇയാൾ വിളിച്ചതോടെ പൊലീസ് വീട്ടിൽ എത്തി നവീനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തെലുങ്കാനയിലെ നൽഗൊണ്ടയിലാണ് സംഭവം നടന്നത്.
വെള്ളിയാഴ്ച മദ്യപിച്ച് വീട്ടിലേക്ക് ആട്ടിറച്ചിയുമായി കയറി വന്ന നവീൻ മട്ടൻ കറി ഉണ്ടാക്കിതരാൻ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ ഇത് നിഷേധിച്ചതോടെ ഇവർ തമ്മിൽ വഴക്കാകുകയും ഇയാൾ നൂറിൽ വിളിക്കുകയുമായിരുന്നു. ശനിയാഴ്ച രാവിലെ പൊലീസ് നവീന്റെ വീട്ടിൽ എത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ സമയം താൻ തലേന്ന് നൂറിൽ വിളിച്ചത് നവീന് ഓർമ്മയുണ്ടായിരുന്നില്ല. മദ്യലഹരിയിൽ എന്തെല്ലാം ചെയ്തുവെന്ന് അയാൾ മറന്നു പോവുകയായിരുന്നു.