കൊച്ചി: തിങ്കളാഴ്ച മുതൽ പണിമുടക്കാൻ തീരുമാനിച്ച് ലോറി ഉടമകൾ. ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികളിലെ സർവീസുകൾ നിർത്തിവെക്കാനാണ് തീരുമാനം. 13 ശതമാനം സർവീസ് ടാക്സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിൽ ആണ് സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ലോറി ഉടമകൾ അറിയിച്ചു.
രണ്ടു കമ്പനികളിൽ ആയി 600ൽ അധികം ലോറികളാണ് പണിമുടക്കിൽ പങ്കെടുക്കുക. കമ്പനി ഉടമകളുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. എന്നാൽ പരിഹാരം ഉണ്ടായില്ല. ഇതേ തുടർന്നാണ് ലോറി ഉടമകൾ പണിമുടക്കിലേക്ക് കടക്കുന്നത്.
നികുതി തുക കെട്ടിവെക്കാൻ ലോറി ഉടമകൾക്ക് കഴിയില്ലെന്നും തിങ്കളാഴ്ച മുതൽ ഇന്ധന വിതരണം തടസ്സപ്പെടുമെന്നും പെട്രോളിയം പ്രൊഡക്ട്സ് ട്രാൻസ്പോർട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.