മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ (Nilambur District Hospital) ആദിവാസി ദളിത് യുവതികളുടെ (Tribal Women) ഗർഭസ്ഥ ശിശുക്കൾ മരിച്ചു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ റിദിന്റെ ഭാര്യ രജിത (22) , ചുങ്കത്തറ കൈപ്പിനിയിലെ ചേന്നൻ രാജുമോന്റെ ഭാര്യ അർച്ചന (35) എന്നിവരുടെ ഗർഭസ്ഥ ശിശുക്കളാണ് മരിച്ചത്. വയറു വേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് രജിതയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് മാസം ഗർഭിണിയായിരുന്നെങ്കിലും യുവതിയും വീട്ടുകാരും വിവരം അറിഞ്ഞിരുന്നില്ല.
ഇവർക്ക് പതിനൊന്ന് മാസം പ്രായമായ കുട്ടിയുമുണ്ട്. രണ്ട് മാസം മുമ്പ് വയർ വേദനയെ തുടന്ന് മൂത്തേടം പി എച്ച് സി യിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ഗർഭമുണ്ടെന്ന് കണ്ടെത്തുകയോ ഗർഭസ്ഥ പരിശോധന നടത്തുകയോ ചെയ്തിരുന്നില്ല. ഇന്നലെ അർദ്ധ രാത്രി വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഓട്ടോയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ജീവൻ നിലനിർത്താൻ സാധിക്കാത്തതിനാൽ ഗർഭസ്ഥ ശിശുവിനെ എടുക്കുകയും ജീവനില്ലാത്ത ഗർഭസ്ഥ ശിശുവിനെ ബന്ധുക്കൾക്ക് കൈമാറുകയുമായിരുന്നു.
രജിതയുടെ ആരോഗ്യ നില തൃപ്തികരമാണ്. ആവശ്യമായ പരിശോധനയും ചികിത്സയും നടത്തിയ ശേഷമേ അവരെ കോളനിയിലേക്ക് തിരിച്ചയക്കുകയൊള്ളുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഏഴ് മാസം ഗർഭിണിയായ അർച്ചനയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിടെ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ചന്തക്കുന്നിൽ വെച്ചാണ് പ്രസവിച്ചത്. ഇവർ നേരത്തെ ചികിത്സ തേടുകയും കുട്ടിക്ക് തൂക്കക്കുറവ് കണ്ടെത്തുകയും ചെയ്തിരുന്നു.