കോഴിക്കോട്: കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായിരുന്ന യമന്‍ സ്വദേശിയായ ഫാത്തിമ അബ്ദുള്‍കരീം സയ്യിദ് അല്‍ നഹ്ദി (30 വയസ്സ്) കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നടന്ന കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ വന്നു. ഉത്തര കേരളത്തിലാദ്യമായാണ് ഒരു വിദേശിക്ക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. കരള്‍ രോഗം അധികരിച്ച് കരള്‍ മാറ്റിവെക്കല്‍ മാത്രം പ്രതിവിധിയായി നിര്‍ദ്ദേശിക്കപ്പെട്ട ഫാത്തിമ അബ്ദുള്‍ കരീം നിരവധി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ചികിത്സ തേടിയിരുന്നു.
മള്‍ട്ടിപ്പിള്‍ ചിയാരി സിന്‍ഡ്രോം എന്ന അവസ്ഥയായിരുന്നു ഫാത്തിമ അബ്ദുള്‍കരീമിനെ ബാധിച്ചത്. അസുഖം അധികമായതിനെ തുടര്‍ന്ന് അനുബന്ധമായ മറ്റ് അനേകം രോഗാവസ്ഥകള്‍ കൂടി വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു. കരളിലേക്കുള്ള പ്രധാന രക്തക്കുഴലുകള്‍ അടഞ്ഞ് പോയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് സൗദി അറേബ്യയില്‍ വെച്ച് സ്റ്റെന്റ് സ്ഥാപിക്കുന്ന ശസ്ത്രക്രിയയ്ക്കും ഇവര്‍ വിധേയയായിരുന്നു. കരള്‍ മാറ്റിവെക്കല്‍ വിജയകരമായി പൂര്‍ത്തീകരിച്ചതോടെ ശാരീരികമായ ഈ വെല്ലുവിളികളെയെല്ലാം അതിജീവിക്ക് ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരികെ എത്താന്‍ ഫാത്തിമയ്ക്ക് സാധിച്ചു.
ഫാത്തിമയുടെ സഹോദരന് സലേഹ് അല്‍ നഹ്ദിയുടെ മലയാളിയായ സുഹൃത്ത് വഴിയാണ് കേരളത്തിലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ വിജയനിരക്കിനെ കുറിച്ചും താരതമ്യേന കുറഞ്ഞ ചെലവിനെ കുറിച്ചും ഇവര്‍ അറിഞ്ഞത്. തുടര്‍ന്ന് ആസ്റ്റര്‍ മിംസിലെ ഡോ. നൗഷിഫുമായി ബന്ധപ്പെടുകയും ശസ്ത്രക്രിയയ്ക്കാവശ്യമായ കാര്യങ്ങള്‍ മുന്നിലേക്ക് നീക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. രണ്ട് വലിയ പ്രതിസന്ധികള്‍ അപ്പോഴേക്കും ഇവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഒന്നാമതായി കോവിഡിന്റെ വ്യാപനം മൂലമുള്ള യാത്രാവിലക്കുകളായിരുന്നു. രണ്ടാമത്തെ വിഷയം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് നമ്മുടെ നാട്ടിലുള്ള സ്വാഭാവികമായ നടപടിക്രമങ്ങളും. വിദേശ വനിതയായതുകൊണ്ട് തന്നെ ഈ നടപടിക്രമങ്ങള്‍ കൂടുതല്‍ ദുഷ്കരമായിരുന്നു. എങ്കിലും ആസ്റ്റര്‍ മിംസിലെ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റ് ടീമിന്റെയും, മെഡിക്കല്‍ വാല്യൂ ട്രാവലിംഗ് ടീമിന്റെയും അശ്രാന്ത പരിശ്രമത്തില്‍ ഈ രണ്ട് ദുഷ്കര സന്ധികളും വിജയകരമായി തരണം ചെയ്യാന്‍ സാധിച്ചു. ഫാത്തിമയുടെ സഹോദരന് സലേഹ് അല്‍ നഹ്ദി തന്നെ കരള്‍ ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനാല്‍ അത്തരം കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പത്തില്‍ പൂര്‍ത്തീകരിച്ചു.
പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയും ദുഷ്കരമായ ഒന്നായിരുന്നു എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോ. നൗഷിഫ് പറഞ്ഞു. നേരത്തെ സ്ഥാപിച്ച സ്റ്റെന്റ് നീക്കം ചെയ്യേണ്ടി വന്നതും, തകരാറിലായ രക്തക്കുഴലുകള്‍ പുനസ്ഥാപിച്ചെടുക്കേണ്ടി വന്നതും വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. എങ്കിലും ഡോ. സജീഷ് സഹദേവന് (ഡിപ്പാര്‍ട്ട്മെന്റ് മേധാവി), ഡോ. അഭിഷേക് രാജന്, ഡോ. സീതലക്ഷ്മി എന്നിവരുടേയും ഹെപ്പറ്റോളജി വിഭാഗം മേധാവി ഡോ. അനിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിന്റെയും, ഇന്റന്‍സിവിസ്റ്റുമാരായ ഡോ. കിഷോര്‍, ഡോ. രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിന്റെയും പൂര്‍ണ്ണമായ പിന്തുണയോടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് എന്ന് ഡോ. നൗഷിഫ് പറഞ്ഞു.
‘ ഞങ്ങളുടെ തീരുമാനം പൂര്‍ണ്ണമായും ശരിവെക്കുന്ന അനുഭവമായിരുന്നു ആസ്റ്റര്‍ മിംസിലേത്. ഡോക്ടര്‍മാരെ ഞങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിച്ചു. ആ വിശ്വാസത്തെ അവര്‍ ഒട്ടും തള്ളിക്കളഞ്ഞതുമില്ല. എനിക്ക് പുനര്ജന്മം നല്കിയ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരോടും, നഴ്സുമാരോടും മറ്റ് എല്ലാവരോടുമുള്ള നന്ദി വാക്കുകള്‍ക്കതീതമാണ്. എത്രയും പെട്ടെന്ന് റിയാദിലെത്തി കുടുംബത്തെ കാണാനുള്ള തിടുക്കമാണ് ഇപ്പോള്‍ മനസ്സിലുള്ളത്’ ശസ്ത്രക്രിയയ്ക്ക് ശേഷം ഫാത്തിമ പറഞ്ഞു.